സ്വപ്‌നങ്ങൾ

എന്താണ് സ്വപ്നം?

പലതരം ഉത്തരങ്ങളിലൂടെ നമുക്ക് മുന്നിൽ നിൽക്കുന്ന സമസ്യ. വിശ്വാസവും അവിശ്വാസവും ഉണർത്തുന്ന മായകാഴ്ച. നാനാതരത്തിലുള്ള കാഴ്ചകൾ കൊണ്ട് മനസിനെ പിടിച്ചുലക്കാൻ അവയ്ക്കു കഴിയുന്നു.

നിദ്രയുടെ ഇരുട്ടിൽ നിന്ന് കാഴ്ചകളുടെ, കൗതുകത്തിന്റെ മറ്റൊരു ലോകത്തിലേക്ക് മനസിനെ അവ കൈ പിടിച്ചു കൊണ്ട് പോകുന്നു. ഒരു തരത്തിൽ ‘സ്വപ്നം’ അനാദിയാണെന്നു പറയാം. എവിടെ നിന്നോ വന്നു എന്തിലേക്കോ മറഞ്ഞു പോകുന്ന ഒരു അതിഥി. ഓരോ മനസ്സിലേക്കും അവരറിയാതെ എന്തിനോ വേണ്ടി എത്തുന്ന അതിഥി.
ഉറക്കം തുറന്നിടുന്ന കാൻവാസിൽ ഓർമകൾ ചായം പൂശുന്നു. നൈമിഷികമായ കുറെ ഓർമച്ചിത്രങ്ങൾ. പരസ്പരം ലയിച്ചും അല്ലാതെയും ഓരോ വർണവും ആ കാൻവാസിൽ ഒരിടം സൃഷ്ടിക്കുന്നു. ഒപ്പം പലതും നമ്മളോട് പറയുന്നു. ഉറക്കത്തിന്റെ ആ ലോകത്തിൽ മനുഷ്യ മനസ്സിനോട് കഥകൾ പറയുന്ന ഓരോ ചായകൂട്ടും ഓരോ സ്വപ്‌നങ്ങൾ ആകുന്നു.മനോഹരമായ ഒരു അനുഭൂതി ; അതാണ് സ്വപ്നം.
ഓരോ മനുഷ്യനും സ്വപ്നങ്ങളെ പറ്റി  ഓരോ കാഴ്ചപ്പാടാണ്. ചിലർ സ്വപ്നങ്ങളിൽ വിശ്വസിക്കുന്നു. കഴിഞ്ഞതോ, വരൻ പോകുന്നതോ ആയ എന്തിലേക്കോ ഉള്ള വഴികളായി സ്വപ്നത്തെ കാണുന്നു. അവയുടെ അർത്ഥത്തിൽ വിശ്വസിക്കുന്നു. നമുക്ക് ലഭിക്കുന്ന സൂചനകളാണ് അവർക്ക് സ്വപ്നം.
മറ്റു ചിലർ സ്വപ്നങ്ങളിൽ യാതൊരു അർത്ഥവും ഇല്ലെന്നു വിശ്വസിക്കാനാണ് ഇഷ്ടപ്പെടുന്നത്. മനസ്സിൽ രൂപപ്പെടുന്ന പലതരം ചിന്തകൾ, ആകുലതകൾ എന്നിവയുടെ പരിണാമം മാത്രമാണ് ഇക്കൂട്ടർക്ക് സ്വപ്നം. മനസ്സിൽ മെനഞ്ഞെടുക്കുന്ന വെറും കഥകൾ.
സ്വപ്നത്തെ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവയ്ക്കു ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. മനുഷ്യന്റെ യാത്രയാണ് സ്വപ്നങ്ങൾക്കു ജന്മം നൽകുന്നത്. ഓരോ യാത്രയും വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്നു. അവിടെ പുതിയ ഭാവനകൾ വിടരുകയാണ് . അതിൽ നിന്ന് സ്വപ്നങ്ങളും പിറവി എടുക്കുന്നു.
ഭൂതം, വർത്തമാനം, ഭാവി ഇവയെ കാട്ടി തരാൻ സ്വപ്നങ്ങൾക്കു സാധിക്കുമോ എന്നതിന് കൃത്യമായ ഉത്തരമില്ല. പക്ഷെ ഓരോ കാലവുമായും സ്വപ്നത്തിനുള്ള ബന്ധം ദൃഢമാണ്. അതാണ് സത്യം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു