Dreams

സ്വപ്ന ലോകം

ഉറക്കത്തിലായിരുന്നു ആ ലോകം ഉണർന്നത്. അവിടെയും ഇവിടെയും ഒരുപോലെ. എങ്കിലും ആ ലോകത്ത്  ഒന്നിനും അതിരുകളില്ലായിരുന്നു. ഒരു മായാലോകം! ചിലപ്പോൾ അതൊരു സത്യം , മറ്റുചിലപ്പോൾ മിഥ്യ. നിറങ്ങൾ വിരിയുന്ന കാഴ്ചകൾ… അന്ധകാരം തളംകെട്ടിയ ഇടവഴികൾ…സമാധാനം നിറച്ചുകൊണ്ട് ചിലയിടങ്ങൾ… കൂറ്റൻ കെട്ടിടങ്ങൾ…അന്തമില്ലാത്ത കടൽ … പാറിയകലുന്ന പക്ഷികൾ … ജോലി തുടരുന്ന യന്ത്രങ്ങൾ …
അങ്ങനെ എല്ലാം അവിടെയും നിറയുന്നു.നിയന്ത്രിതവും  അനിയന്ത്രിതവുമായതെല്ലാം  നിറയുന്ന ഒരു കൗതുകലോകം. അവിടെ നമ്മളും ഉണ്ട് എന്നതാണ് സത്യം. ഉറക്കത്തിലും മനുഷ്യൻ സഞ്ചരിക്കുന്നു. ആ സഞ്ചാരം അവനെ കൊണ്ടെത്തിക്കുന്നത് ഇവിടെയാണ്. മനുഷ്യ മനസിൻറെ കാണാപ്പുറങ്ങൾ. അനന്ത സാധ്യതകൾ നിറയുന്ന സ്വപ്നലോകം! അവിടെ നിറയുന്ന കാഴ്ചകൾ നമ്മുടെ ബുദ്ധിക്ക് ദഹിക്കാൻ വലിയ പ്രയാസമാണ്. കാരണം യാഥാർഥ്യത്തിൽ നിന്ന് വളരെയധികം ഭാവഭേദങ്ങൾ അവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സുന്ദരമായ സ്വപ്നലോകം ജന്മംകൊണ്ടത് ഓരോ മനുഷ്യന്റെയും മനസ്സിൽ നിന്ന് തന്നെയാണ്.
പർവതങ്ങൾ പറക്കുന്നു!! സാമാന്യ ബുദ്ധിയിൽ എല്ലാവരും ഇതുകേട്ട്  സ്തബ്ദനായി നിൽക്കും കുറച്ചു നേരം. അത് അങ്ങനെ ആണല്ലോ. ബുദ്ധിക് നിരക്കാത്ത കാര്യങ്ങളോടുള്ള പ്രതികരണം. എന്നാൽ ഇത് സത്യമാണ്. അങ്ങ് ദൂരെ.. ഒരിടം… ഭൂമിയും, സൂര്യനും, നക്ഷത്രങ്ങളും, മലകളും, പുഴകളും എന്നിങ്ങനെ എല്ലാം അടങ്ങിയ  അദ്‌ഭുതങ്ങൾ നിറഞ്ഞ ലോകം. അവിടെ പർവതങ്ങൾ പറക്കും. അവയ്ക്കു ചിറകില്ല. പുഴയുടെ ഒഴുക്കിൽ ചെറു തോണികൾ  പോലെ പർവതങ്ങൾ കാറ്റിൽ ഒഴുകി നടക്കുന്നു.

“എന്ത് രസമാണ് ഇങ്ങനെ ഇരിക്കാൻ; പറക്കുന്ന ദ്വീപുകളുടെ മടിയിൽ..”. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞൊരാൾ. ഇരുട്ടിന്റെ നിറമാണ് അയാൾക്ക് . ആ കുറിയ ശരീരത്തിൽ എല്ലാവരെയും ആകർഷിക്കുന്ന ഉരുണ്ട കണ്ണുകൾ. അവ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും.
ചില ദ്വീപുകൾ പർവ്വതങ്ങൾക്കുള്ളതാണ് . ഓരോ ദ്വീപും ഒഴുകി നടക്കുന്നു. അയാളുടെ കയ്യിൽ ഒരു പട്ടം ഉണ്ട്. അത് കാറ്റിന്റെ ഗതിയിൽ ഉയരങ്ങിലേക്ക് പറന്നു പോകുന്നു. എന്തൊക്കെയോ നേടാനുള്ള ആവേശം അതിനുണ്ട്. പട്ടത്തെ തന്നോട് ബന്ധിപ്പിക്കുന്ന ചരട് ഇടയ്ക്കിടെ അഴിച്ചു കൊണ്ട് അതിന്റെ ലക്ഷ്യത്തിൽ എത്തിക്കാൻ അയാൾ സഹായിച്ച കൊണ്ടിരുന്നു.
മലയുടെ താഴെ വായു മാത്രമാണ്  അഗാധമായ താഴ്ച്ച. അമിത വേഗതയിൽ താഴേക്കു പോകാം. ആ യാത്ര അങ്ങനെ തുടരും.. ഒടുക്കം ഇല്ലാതെ. അയാൾ വീണ്ടും പട്ടത്തിന്റെ നൂൽ അഴിച്ചു. അതീവ സന്തോഷത്തോടെ പട്ടം ഉയർന്നു പാറി .
“ഇതാണ് എന്റെ ലോകം.” തുടക്കത്തിന്റെ ആവേശമോ അവസാനത്തിന്റെ ശാന്തതയോ ഇല്ല. എവിടെ നിന്നോ എന്തിലേക്കോ.. “ഞാൻ DREAM MAN” . ഈ ലോകത്തിന്റെ സ്വഭാവമാണ് എനിക്കും. എവിടെ നിന്നോ.. എന്തിലേക്കോ.. ഫുൾ സ്റ്റോപ്പ് ഇടാനാകാത്ത യാത്ര … ഈ ലോകത്ത് എത്തുന്നവരോടെല്ലാം ഞാൻ സംസാരിക്കും; അവർ എന്നോടും… പറയാനാണെങ്കിൽ അനേകം കാര്യങ്ങൾ …
ഇവിടെ വരുന്നവരൊക്കെ പെട്ടെന്ന് മടങ്ങി പോകും. ചിലർ  ചുറ്റി നടന്നു കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ അപ്രത്യക്ഷരാകും. എന്നാലും സന്ദർശകരുടെ എണ്ണത്തിൽ ഒരു കുറവും ഇല്ല. എന്നും ഒരാളെങ്കിലും എത്തും. എത്രനേരമാ ഇങ്ങനെ വർണ്ണിച്ചു കൊണ്ട് ഇരിക്കുന്നത്. നേരിട്ട് കാണുമ്പോഴുള്ള ഭംഗി അതൊന്നു വേറെയല്ലെ.
“ആരോടാ നീ ഇതൊക്കെ പറയുന്നത്?” അടുത്തിരുന്ന പൂച്ചയാണ് ഇങ്ങനെ ഒരു ചോദ്യം ഉന്നയിരിച്ചത്.
“ഇവരോട്.. നിനക്കു മനസിലാകില്ല.”
പട്ടം വീണ്ടും ഉയരത്തിൽ പാറി. അതിന്റെ സ്വാതന്ത്ര്യത്തിനു നിയന്ത്രണം കല്പിക്കുന്ന ചരട് മേഘങ്ങൾക്കിടയിൽ കുരുങ്ങി.കുഴപ്പമൊന്നും ഇല്ല രണ്ടാൾക്കും. മേഘം ചരടിനോട് എന്തോ പറഞ്ഞു പക്ഷെ പട്ടം അത് ശ്രദ്ധിച്ചില്ല, ഒരേ പറക്കൽ തന്നെ . തനിക് ലഭിച്ച സ്വാതന്ത്ര്യം അത് പരമാവധി സന്തോഷത്തോടെ ഉപയോഗിക്കുന്നു.
മനുഷ്യർ; വിവേകം ചുമന്ന് നടക്കുന്ന ഇരുകാലി മൃഗങ്ങൾ. അവർ എപ്പോഴും കിട്ടാത്തതിനെ ഓർത്തു കരയുന്നു. ആവശ്യത്തിലേറെ സ്വാതന്ത്ര്യം ഉണ്ടെങ്കിലും നിയന്ത്രണങ്ങളെ ഓർത്തു വിഷമിച്ചിരിക്കും. ഒരിക്കലും സ്വാതന്ത്ര്യത്തിന്റെ അവസാനമല്ല നിയന്ത്രണം. ഒന്നും അമിതമാകാതിരിക്കാനുള്ള കരുതലാണവ. ഒരു മഴത്തുള്ളി മതി പട്ടം ഓർമയാകാൻ എന്നിട്ടും ആവേശത്തോടെ അത് സന്തോഷിക്കുന്നു.. മനുഷ്യൻ സമയത്തിന്റെ ആലയിൽ അനുഭവച്ചൂടിൽ ജനിക്കുന്ന ശക്തനാണ്.. ഒരു ചെറിയ പട്ടത്തെക്കാൾ നിങ്ങൾ ദുർബലരാകുന്നതെന്താണ്?
ഉത്തരങ്ങൾ മുന്നിൽ തന്നെയുണ്ട് . അത് കണ്ടത്തുന്നവൻ ‘വിജയി’.
പെട്ടെന്ന് കാറ്റ് വീശി. അതിന്റെ വേഗതയിൽ പൊടി പടലങ്ങൾ ഉയർന്നു പൊങ്ങി. അവ പരസ്പരം ഇടിച്ചു കലഹം കൂട്ടി. അവശേഷിച്ച ഊർജം തീർന്നപ്പോൾ വഴക് ഒത്തുതീർപ്പായി. മണ്തരികൾ വീണ്ടും മൗനം തുടർന്നു.  സംഭവം അറിയാൻ വേണ്ടി പട്ടം താഴെ നോക്കി. പൂച്ച എവിടെ? പൂച്ച കാറ്റിൽ പറന്നു പോയതാകുമോ? പറയാൻ പറ്റില്ല ഇവിടെ എന്തും സംഭവിക്കാം.
“നിങ്ങൾ ഇത്  കണ്ട്  വിഷമിക്കേണ്ട, ഇതൊക്കെ ഇവിടെ സാധാരണയാ. ഇനിയും എന്തെല്ലാം.. എന്തെല്ലാം..”
ആ മരം. തലമുറയുടെ പിതാമഹൻ ഒഴുകി നടക്കുന്ന ആ ദ്വീപിൽ കാലുകൾ അമർത്തി ഉറപ്പിച്ചു. വാർദ്ധക്യത്തിന്റെ ജരാനരകൾ ഉണ്ട്.പണ്ടത്തെ പോലെ അല്ല, കാറ്റ് വീശുമ്പോൾ ഒരു പേടി.ജീവിതത്തിന്റെ അവസാന നാളുകൾ;എല്ലാവരുടെയും കണ്ണുകൾ തുറക്കുന്ന നിമിഷം. മത്സരങ്ങളോ ആവേശമോ ഇല്ല. ഭൂമിയുടെ ഗർഭത്തിൽ പേടികളില്ലാതെ ഒന്നുറങ്ങാൻ മനസ് തയ്യാറാകുന്നു.
ഒരു ജഡത്തിന് മുന്നിൽ ഒരു ജീവൻ നിൽക്കുമ്പോൾ തിരിച്ചറിയേണ്ടത് ഒന്നുമാത്രം; ജഡത്തിനും ജീവനുമിടയിൽ അകലം ഇത്ര മാത്റം. വാശി, ദേഷ്യം ഇവയൊക്കെ ആർക്ക്‌  വേണ്ടി? എന്തിനു വേണ്ടി? വീണ്ടും ചോദ്യങ്ങൾ… ഉത്തരവും അതിൽ തന്നെയുണ്ട്…

കാറ്റിനൊപ്പം എന്തോ ഒഴുകി വന്നു. കുറെ അധികം പുക ചുരുളുകൾ. വളർന്നു കൊണ്ടിരിക്കുന്ന ഒരു രാക്ഷസനെ പോലെ പുക ചുറ്റിനും! ഇത്രയധികം ആവേശത്തിൽ പുകയെ ഇതുവരെ കണ്ടിട്ടില്ല. ഓർമയുടെ ചതുപ്പിൽ ഒരു പർവ്വതം കൂടി… ആ ദ്വീപിൽ അഗ്നിപർവ്വതം ആയിരുന്നു. യുഗങ്ങളോടൊപ്പം അത് സഞ്ചരിച്ചു; ഒറ്റക്ക് ….ആരോടും മിണ്ടില്ല. ചിലപ്പോൾ ചെറു ശബ്ദങ്ങൾ കേൾക്കാം, അതും കുറച്ച നേരത്തേക്ക് മാത്രം. എല്ലാം ഉള്ളിൽ ഒതുക്കുന്ന പ്രകൃതം. ഇത്രയും അധികം വിഷമങ്ങൾ ഉണ്ടായിരുന്നു എന്ന് ആരും അറിഞ്ഞില്ല. അലറി കരഞ്ഞുകൊണ്ട് ഒരു പൊട്ടിത്തെറി….

ഒളിച്ചു വച്ചതൊക്കെയും ഉരുകി പുറത്തേക്ക് തെറിച്ചു. ഭീമൻ പുകയോടൊപ്പം ഉരുകി ഒലിക്കുന്ന വേദന. ആ ചൂടിൽ പെടുന്നതൊക്കെയും കത്തി അമരുകയാണ്. ആ കണ്ണീർ ഖനീഭവിച്ചയിടം കരിങ്കല്ലുകൾ ആയി മാറി. കഠിനമായ കരിങ്കല്ലുകൾ, മനസും ശരീരവും ഒരു പോലെ ശക്തി ആർജിച്ച കരിങ്കല്ലുകൾ..

ഒലിച്ചിറങ്ങുന്ന ലാവ ദ്വീപ് കടന്ന് താഴേക്കു പോയി. ആ യാത്രയിൽ എവിടെയൊക്കെയോ വച്ചു അത് പാറയായി, അന്തരീക്ഷത്തിൽ അങ്ങനെ പറന്നു നടന്നു.

കുറച്ച നേരം അമ്പരപ്പായിരുന്നു. പിന്നെയെല്ലാം പഴയത് പോലെ ആയി. അടുത്തുള്ള ദ്വീപുകളിൽ അഗ്നിപർവ്വതം  ആയി ചർച്ചാവിഷയം.

“അഗ്നി ദേവനായ തിഫസ്റ്റസ്‌ തന്റെ സദസ്സിലെ ദേവന്മാർക്ക് വേണ്ടി ആയുധങ്ങൾ നിർമിക്കാൻ തീരുമാനിച്ചു. ഭൂമിക്കടിയിൽ വച്ചാണ് അദ്ദേഹം ആയുധങ്ങൾ നിർമിക്കാൻ തുടങ്ങിയത്. ലോഹങ്ങൾ അതി കഠിനമായി ഉരുക്കുകയും അടിച്ചു പരത്തുകയും ചെയ്തു. അതിന്റെ ആഘാതത്തിൽ ഭൂമിയുടെ ആ ഭാഗം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അതിൽ കൂടി ഉരുകി ഒലിക്കുന്ന ദ്രാവകം പുറത്തേക്ക് വന്നു.”

“ഇങ്ങനെയാ അഗ്നി പർവതങ്ങൾ ഉണ്ടായത്.” ഗ്രീക്ക് യാത്ര നടത്തി തിരിച്ചെത്തിയ സഞ്ചാരി പക്ഷി അരുവിയോട് പറഞ്ഞു. “നീയെങ്ങനെ അറിഞ്ഞു ഇതെല്ലം?” അടുത്ത കിടന്ന കല്ലിൽ ചാരി നിന്നുകൊണ്ട് അരുവി ചോദിച്ചു.

“ഗ്രീക്കുകാർ പറഞ്ഞു. ഞാനവിടെ ചെന്നപ്പോൾ ഇതുപോലൊരു സംഭവം. അപ്പോൾ അവരാണ് ഈ കഥ പറഞ്ഞു തന്നത്.”

“ഹവായിലെ മനുഷ്യർക്കു കിട്ടിയ ശിക്ഷയാണിത്..” ഹവായിക്കാരൻ മേഘം ലൈറ്റ് ഹൗസിനോട് പറഞ്ഞതാണിത്. “എന്ത് ശിക്ഷ?”. “ഞാൻ പറഞ്ഞു തരാം. ഹവായിക്കാരുടെ ദേവതയാണ് ‘പെലെ’. അവരുടെ പ്രവൃത്തിയിൽ കോപിഷ്ഠയായ പെലെ തന്റെ വടി എടുത്ത് ഭൂമിയിൽ ഇടിച്ചു. ആ ഭാഗം പൊട്ടിപിളർന്ന് ഉരുകി ഒലിക്കുന്ന ദ്രാവകങ്ങൾ പുറത്തേക്ക് വന്നു. അതാണ് അഗ്നി പർവതങ്ങൾ..”

“ഞാൻ ഇവിടെ ഇല്ലാത്തപ്പോൾ എന്തൊക്കെയാ നടന്നത്… നീ കേട്ടോ ആ അഗ്നിപർവ്വതത്തെ പറ്റി എന്തെല്ലാം കഥകളാ പറയുന്നത്…” ഇതും പറഞ്ഞു പൂച്ച വീണ്ടും ഡ്രീം മാന്റെ അടുത്തു വന്നിരുന്നു.

“നീ വന്നോ? എവിടെ ആയിരുന്നു എന്ന് ചോദിക്കുന്നില്ല നിന്റെ സ്വഭാവം എനിക്ക് അറിയാവുന്നതല്ലേ…” കഥകൾ! അത് ആരെ കുറിച്ചും അനേകം ഉണ്ടാകും അതിൽ നിന്ന് സത്യത്തെ കണ്ടെത്തുന്നത് ഒരു ഗെയിം കളിക്കുന്നത് പോലെയാണ്. തുടക്കം മുതൽ ഒടുക്കം വരെ ശ്രദ്ധയോടെ, ഒരേ ആവേശത്തോടെ..

സമയം കഴിയുന്തോറും ചർച്ചകളും മറയും, എല്ലാവരും മറക്കും… പർവതത്തിന്റെ വേദനയും സന്തോഷങ്ങളും അതിനോടൊപ്പം മറഞ്ഞു. സമാധാനത്തിൽ അതുറങ്ങിക്കോട്ടെ…

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു